Facebook

ചേനപ്പാടി പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ശബരിമല ശ്രീ അയ്യപ്പന്‍ മഹിഷിനിഗ്രഹം നടത്തി ചരിത്ര പ്രസിദ്ധമായ എരുമേലിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ്‌ ചേനപ്പാടി. എല്ലാ ദിക്കില്‍നിന്നും ദേവ-ദേവീ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഗ്രാമമാണ്‌ ചേനപ്പാടി. കിഴക്കുഭാഗത്ത് ശ്രീധര്‍മ്മശാസ്താവും തെക്ക് വടക്ക് ഭാഗങ്ങളിലായി കിഴക്കേക്കര ദേവീക്ഷേത്രം, കണ്ണമ്പള്ളി ഭഗവതി ക്ഷേത്രം ഇടയാറ്റുകാവ് ദേവീക്ഷേത്രം, ഇളങ്കാവ് ദേവീക്ഷേത്രം എന്നി ഭഗവതിമാരും കുടികൊള്ളുന്നു

പടിഞ്ഞാറുഭാഗത്ത് പൂതക്കുഴി എന്ന കരയിലാണ് ചേനപ്പാടിയുടെ ദേശാധിപതിയായ അഭീഷ്ടവരദായകനും കാരുണ്യമൂര്‍ത്തിയുമായ ശ്രീകൃഷ്ണസ്വാമി വാണരുളുന്നത്. പടിഞ്ഞാറു ദര്‍ശനമായി പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്.

കൌരവസഭയില്‍ ദൂദുമായിചെന്ന യദുശ്രേഷ്ഠനെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ച ദുര്‍ബുദ്ധി ദുര്യോധനനു കാട്ടിക്കൊടുത്ത വിശ്വരൂപ ഭാവത്തിലാണ് ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ഭഗവാന്‍റെ പ്രതിഷ്ഠ.

ചരിത്രം

ഏകദേശം രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം കരപ്രമാണിയും പുരാതന നായര്‍ തറവാടുമായ നെടുമ്പ്ര കുടുംബത്തിന്‍റെ അധീനതയിലായിരുന്നു. നെടുമ്പ്ര കുടുംബത്തിലെ കാരണവരായിരുന്ന ശ്രീധരന്‍പിള്ളക്ക് വേദോപനിഷത്തുകളിലും പൂജാകര്‍മങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. തന്‍റെ ഉപാസനാമൂര്‍തിയായിരുന്ന ഭഗവാനു വേണ്ടി ക്ഷേത്രം നിര്‍മിക്കാനുള്ള യോഗ്യമായ സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം അദ്ദേഹത്തെ എത്തിച്ചത് ചേനപ്പാടിയുടെ പശ്ചിമഭാഗത്തെ ഉയര്‍ന്ന ഭൂഭാഗത്താണ്. തന്‍റെ ഉദ്യമത്തിന് ഇതിലും പറ്റിയ സ്ഥലം ഇല്ല എന്നു മനസ്സിലാക്കിയ അദ്ദേഹം ഭഗവാനെ അവിടെ പ്രതിഷ്ഠിച്ചു. പില്‍ക്കാലത്ത് ഈ പ്രദേശം “പൂതക്കുഴി” (“പൂത” = ശുദ്ധിയുള്ള) എന്നറിയപ്പെട്ടു.

പുരാതനകാലത്ത് കോവിലന്മാരുടെ അധീനതയില്‍നിന്നും ബ്രാഹ്മണരുടെ അധീനതയിലേക്ക് എത്തപ്പെട്ട ഈ പ്രദേശത്താണ് ഇപ്പോള്‍ കാണപ്പെടുന്ന ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. പ്രശസ്ത താന്ത്രിക പാരമ്പര്യമുള്ള കുരുപ്പക്കാട്ടുമന വലിയ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിച്ചു. പരമ്പരാഗത ക്ഷേത്രശില്‍പികളുടെ നാടായ ചെങ്ങന്നൂരില്‍ നിന്നും കൃഷ്ണശിലയില്‍ നിര്‍മിച്ച ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്‍റെ വിശ്വരൂപം പൂണ്ട പൂര്‍ണകായ ബിംബമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഉത്സവാദി ആട്ടവിശേഷങ്ങളില്‍ അതീവ തല്‍പരനായിരുന്ന നെടുമ്പ്ര തറവാട്ടുകാരണവര്‍ ക്ഷേത്ര നിര്‍മാണത്തിന് ശേഷം മകരമാസത്തിലെ അനിഴം നാളില്‍ കൊടിയേറ്റി ഉത്രാടം നാളില്‍ പള്ളിവേട്ടയും തിരുവോണം നാളില്‍ ഇടയാറ്റുകാവ് ദേവീക്ഷേത്രത്തിനു സമീപത്തുള്ള കടവില്‍ ആറാട്ടോടുകൂടി സമാപിക്കുന്ന ചടങ്ങുകളാണ് ക്രമീകരിച്ചിരുന്നത്. ആറാട്ടുമഹോത്സവത്തിന് ഗജവീരനയിരുന്ന തിരുനക്കര കൊച്ചുകൊമ്പന്‍ തിടമ്പേറ്റുകയും ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെ പ്രൌഡഗംഭീരമായ ആറാട്ട് എതിരേല്‍പാണ് ആരംഭകാലത്ത് ക്ഷേത്രത്തില്‍ നടന്നിരുന്നത്.

പില്‍ക്കാലത്ത് ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍മൂലം നെടുംബ്ര കുടുംബം ക്ഷയിച്ചുപോകുകയും ഉത്സവാദി കര്‍മങ്ങള്‍ ക്ഷേത്രചടങ്ങുകളും നടത്തുന്നതിന്‌ വിഘ്നം നേരിടുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രം നടത്തിപ്പിനായി ഹൈന്ദവ സേവാ സംഘത്തിനെ ചുമതലപ്പെടുത്തി. ക്ഷേത്രചടങ്ങുകള്‍ പഴയപടി നടത്തുന്നതിന്  ഹൈന്ദവ സേവാ സംഘത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സാധിക്കാതെ വന്നപ്പോള്‍ പൂജാദി കര്‍മങ്ങളും ഉത്സവചടങ്ങുകളും നിലച്ചുപോകുകയും ചെയ്തു. തുടര്‍ന്ന് ഹൈന്ദവ സേവാ സംഘം ക്ഷേത്രനടത്തിപ്പ് നായര്‍ സര്‍വിസ് സൊസൈറ്റി കരയോഗത്തിന് കൈമാറി. വളരെ ചുരുങ്ങിയ കാലമേ കരയോഗത്തിന് ക്ഷേത്രച്ചുമതലകള്‍ നടത്തുവാന്‍ കഴിഞ്ഞുള്ളു. ക്ഷേത്രച്ചടങ്ങുകള്‍ കൂടുതല്‍ ഭംഗിയായി നടത്തുവാന്‍ കരയോഗം ക്ഷ്ത്രത്തിന്റെ ഉടമസ്ഥാവകാശം നായര്‍ സര്‍വിസ് സൊസൈറ്റി പൊന്‍കുന്നം യുണിയന് കൈമാറി.

വര്‍ഷങ്ങളോളം ക്ഷേത്രത്തിലെ പൂജാദി കര്‍മങ്ങള്‍ നടക്കാതെ സ്വത്തുക്കള്‍ നശിച്ച് ക്ഷേത്രം വിനാശകരമായ അവസ്ഥയിലെത്തിയപ്പോഴാണ് പൊന്‍കുന്നം യുണിയന്‍ ക്ഷേത്രഭരണം ഏറ്റെടുത്തത്. പിന്നീട്, നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്‍റെ പ്രവര്‍ത്തനഫലമായി ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനമാകാതെ സംരക്ഷണ മതില്‍ നിര്‍മിക്കുകയുണ്ടായി. തുടര്‍ന്ന് ഓരോ വര്‍ഷവും ചെറിയ രീതിയില്‍ തുകകള്‍ സ്വരൂപിച്ച് ക്ഷേത്രപുരോഗമനം ത്വരിതഗതിയിലാക്കി.

സമീപകാലത്ത് ക്ഷേത്രത്തിലുണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ശ്രീ ഇടവട്ടം ഗോപിനാഥന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തില്‍ പ്രധാന ശ്രീകോവില്‍ ജീര്‍ണാവസ്ഥയിലാണെന്നും ദേവചൈതന്യം വര്ധിക്കുന്നതിനായി ഇത് എത്രയും വേഗം പരിഹരിക്കണമെന്നും കണ്ടെത്തി. ദേവപ്രശ്നവിധി പ്രകാരം ഭഗവത്‌ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഭാഗവത സപ്താഹം നടത്തേണ്ടതാണെന്ന് നിര്ദേശിക്കപ്പെട്ടതിനാല്‍ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ ഭാഗവതാചാര്യന്‍ വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഏഴുവര്‍ഷം ഭാഗവത സപ്താഹയജ്ഞം നടത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഴയ ശ്രീകോവില്‍ പൊളിച്ചുമാറ്റി.

ശിലയില്‍ ക്ഷേത്രനിര്‍മാണം നടത്തണമെന്ന ഭക്തജനങ്ങളുടെ അഭിപ്രായം മാനിച്ച് സ്ഥാപതിരത്നം വേഴപ്പറമ്പില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ കണക്കുകളും പ്ലാനും അനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശ്രീകോവില്‍ നിര്‍മാണം പ്രശസ്ത ശില്‍പിയായ ചെങ്ങന്നൂര്‍ മഹേഷ്‌ പണിക്കരെ ഏല്പിച്ചുകൊടുത്തു. ശ്രീകോവിലിന്‍റെ പഞ്ചവര്‍ഗത്തറയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായി. ശിലയിലുള്ള ഭിത്തി നിര്‍മാണവും തടിയിലുള്ള മേല്‍ക്കൂര നിര്‍മാണവും ഇനിയും ബാക്കിയാണ്. പ്രധാന ശ്രീകോവിലിനോടൊപ്പം നമസ്കാര മണ്ഡപം, ഉപദേവതമാരായ വില്ലളിവീരന്‍റെ രൂപത്തിലുള്ള കലിയുഗവരദന്‍ ശ്രീധര്‍മ്മശാസ്താവ്, ഭഗവതി, വീരഭദ്രന്‍ എന്നിവര്‍ക്കും ശ്രീകോവിലുകള്‍ നിര്‍മിക്കേണ്ടതുണ്ട്. അതില്‍ നമസ്കാര മണ്ഡപത്തിന്‍റെയും ശ്രീധര്‍മ്മശാസ്താവിന്‍റെ ശ്രീകോവിലിന്‍റെയും പഞ്ചവര്‍ഗത്തറയുടെ പണികളും പൂര്‍ത്തിയായി. ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ സ്ഥാനം മാറ്റുന്നതിനും ചുറ്റമ്പലം നിര്‍മ്മിക്കുന്നതിനും ബലിക്കല്ലുകള്‍ പ്രതിഷ്ഠിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. ക്ഷേത്രനിര്‍മാണത്തില്‍ പങ്കാളികളാകേണ്ടത് ഭക്തജനങ്ങളായ നമ്മളോരോരുത്തരുടെയും കടമയും കര്‍തവ്യവുമാണ്. ക്ഷേത്രനിര്‍മാണത്തിനാവശ്യമായ സംഭാവനകള്‍ യഥാശക്തി നല്‍കിയും ശ്രമദാനം ചെയ്തും ഭഗവാന്‍റെ അനുഗ്രഹം തലമുറകളിലേക്ക് ഏറ്റുവാങ്ങുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി ഭഗവത്‌ പ്രീതിക്ക് പാത്രീഭൂതരാവണമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണസ്വാമിയുടെ തിരുനാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

വിശേഷ ദിവസങ്ങൾ

ദേവപ്രശ്നവിധി പ്രകാരം എല്ലാ മലയാള മാസത്തിലെയും തിരുവോണം നാളില്‍ അന്നദാനം നടത്തിവരുന്നുണ്ട്. മലയാള മാസം ഒന്നാം തീയതികളിലും പ്രധാന വിശേഷദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നു.

പ്രധാന വഴിപാടുകള്‍

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ തൃക്കൈവെണ്ണ, ഉണ്ണിയപ്പം, നെയ്‌വിളക്ക്, പാല്‍പായസം, കൂട്ടുപായസം, വെള്ളനിവേദ്യം എന്നിവയാണ്.

എങ്ങനെ എത്തിച്ചേരാം?

കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ പഴയിടം ജംഗ്ഷനില്‍ നിന്നോ ചേനപ്പാടി ജംഗ്ഷനില്‍ നിന്നോ രണ്ട്‌ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം.